കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ലീഗ് നേതാവ് കെ.എം. ഷാജി. ‘പ്രിയപ്പെട്ട തങ്ങൾ’ എന്ന തലക്കെട്ടോടെയാണ് ഷാജി വിഡിയോ പോസ്റ്റ് ചെയ്തത്. ഷാജി സാദിഖലി ശിഹാബ് തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് തങ്ങൾ സംസാരിക്കുന്ന വിഡിയോയാണ് ഷാജി പങ്കുവെച്ചത്.
ഷാജി അച്ചടക്കമുള്ളയാളാണെന്നും അദ്ദേഹത്തെ ശാസിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ വിഡിയോയിൽ പറയുന്നു. ഷാജിയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങൾ.
സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്:
എല്ലാ നേതാക്കൾക്കുമുള്ള നിർദേശം തന്നെയാണ് ഷാജിക്കും നൽകിയത്. എല്ലാവരും സൂക്ഷ്മത പാലിക്കണം. കെട്ടുറപ്പോടെ പോകുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. ഇന്നത്തെ കാലത്ത് ഫാഷിസത്തിനെതിരെ പോരാടുന്ന, സംസ്ഥാനത്ത് നല്ല ഭരണം പുനസ്ഥാപിക്കുന്നതിന് വേണ്ടി യു.ഡി.എഫിന്റെ മുൻപന്തിയിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന പാർട്ടിയാണ് ലീഗ്. നമ്മുടെ അശ്രദ്ധ കൊണ്ട് പാർട്ടിക്ക് ക്ഷീണമുണ്ടാകാൻ പാടില്ല. ഇതാണ് എല്ലാ നേതാക്കളോടും പാർട്ടിയുടെ കീഴ്ഘടകങ്ങളോടും പറയാനുള്ളത്. ഇക്കാര്യങ്ങൾ ഷാജിയുമായി പങ്കുവെച്ചുവെന്ന് മാത്രം.
സൗഹൃദപൂർണമായിരുന്നു സംഭാഷണം. ഷാജിയെ ശാസിക്കേണ്ടതില്ല, പാർട്ടിയുടെ ഉത്തരവാദപ്പെട്ട സെക്രട്ടറിയാണ്. അദ്ദേഹത്തെ ശാസിക്കേണ്ട കാര്യമില്ല. മാധ്യമങ്ങളിൽ ചില വിവാദങ്ങൾ വന്നപ്പോൾ അതിന്റെ സത്യാവസ്ഥ അറിയാനാണ് ഷാജിയോട് വരാൻ പറഞ്ഞത്. അത് തൃപ്തികരമായിരുന്നു.
മറ്റ് കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. ഞങ്ങളുടെ സംഭാഷണത്തിന്റെ ആകെത്തുക ഉൾക്കൊള്ളുന്നയാളാണ് ഷാജി. ഷാജിയുടെ പ്രസ്താവന മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവാദമായതോടെയാണ് പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. എന്താണ് സംഭവിച്ചത് എന്നറിയാനാണ് വരാൻ പറഞ്ഞത്. തൃപ്തനായാണ് ഷാജിയും മടങ്ങിയത്. ഇക്കാര്യത്തിൽ ഇനി ചർച്ചയുണ്ടാവേണ്ട ആവശ്യമില്ല’ -സാദിഖലി തങ്ങൾ പറയുന്നു.