ഷാർജ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ സംഘടിപ്പിക്കുന്ന ”ഗാന്ധി സ്മൃതി” യുടെ ബ്രോഷർ മഹാത്മാഗാന്ധി കൾച്ചറൽ ഫോറമിന്റെ മുൻ പ്രസിഡന്റ് പി.ആർ.പ്രകാശ് യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഷാർജയിലെ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ചാണ് ബാപൂജിയുടെ സ്മരണകളുണർത്തികൊണ്ടുള്ള പരിപാടികൾ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന പരിപാടി രാത്രി 10 ന് സമാപനം കുറിക്കും.
കഴിഞ്ഞ 10 വർഷക്കാലമായി യുഎഇയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഓരോ അംഗവും ഈ സംഘടനയിൽ പ്രവർത്തിച്ചു വരുന്നത്.
ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതം വിശകലനം ചെയ്യുന്ന ഫോട്ടോ പ്രകാശനം, സെമിനാർ, SSLC , ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ, സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളെയും വ്യക്തികളെയും ആദരിക്കൽ, സ്നേഹവിരുന്ന് സൽക്കാരം, കലാപരിപാടികൾ, ഷാർജ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചടങ്ങിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജയുടെ വൈസ് പ്രസിഡന്റ് ഫാസിൽ മാങ്ങാട്, യാബ് ലീഗൽ സർവീസസിന്റെ HR മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.