ദുബായ്: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പാസഞ്ചർ ട്രാൻസ്പോർട്ട് ഡ്രൈവർമാർക്കും (ബസ്, ടാക്സി ഡ്രൈവർമാർ, ലിമോസിൻ ഡ്രൈവർമാർ) കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്കൂൾ ട്രാൻസ്പോർട്ട് അറ്റൻഡന്റുകൾക്കും ഡിജിറ്റൽ പെർമിറ്റുകൾ ആരംഭിച്ചു. ആർടിഎയുടെ വെബ്സൈറ്റിലൂടെയും ആർടിഎ ദുബായ് ഡ്രൈവ് ആപ്പിലൂടെയും പെർമിറ്റുകൾ ആക്സസ് ചെയ്യാൻ കഴിയും. സേവനങ്ങളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആർടിഎയുടെ നീക്കം.
ദുബൈയിലെ സ്മാർട്ട്സിറ്റി സംരംഭങ്ങളുടെയും ആർ.ടി.എയുടെ സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെയും ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് ഡിജിറ്റൽ പെർമിറ്റുകൾ ഏർപ്പെടുത്തുന്നത്. ഇതോടെ പെർമിറ്റ് നേടാനുള്ള വഴികൾ കൂടുതൽ എളുപ്പമാകുമെന്ന് ആർ ടി എ ഡ്രൈവേഴ്സ് വിഭാഗം ഡയറക്ടർ സഈദ് ആൽ റംസി പറഞ്ഞു.
അപേക്ഷ നൽകുന്ന ടാക്സി, ബസ്, ലിമോസിൻ, ഡ്രൈവർമാർക്കും സ്കൂൾബസ് ജീവനക്കാർക്കും ശിൽപശാല നടത്തി പരിശീലനം നൽകിയാണ് പ്രൊഫഷനൽ പെർമിറ്റ് നൽകുന്നത്. ആർ ടി എ ദുബൈ ഡ്രൈവ് ആപ്പിൽ വെർച്ച്വൽ കാർഡ് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന മാന്വലും പുറത്തിറക്കിയിട്ടുണ്ട്.
“ആർടിഎയുടെ തന്ത്രങ്ങളുടെയും സേവന ഉൽപ്പന്നങ്ങളുടെയും മുൻഗണനയായ ഉപഭോക്താക്കളുടെ സന്തോഷം വർദ്ധിപ്പിക്കുന്ന സൗകര്യപ്രദമായ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട്, ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ആർടിഎ താൽപ്പര്യപ്പെടുന്നു,” ആൽ റംസി പറഞ്ഞു.