തിരുവനന്തപുരം: തെരുവുനായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പരിഹാരം തേടാമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന് എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.
സെപ്തംബര്‍ പേവിഷ പ്രതിരോധ മാസം. സെപ്തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും തെരുവുപട്ടികള്‍ക്ക് കഴിക്കാന്‍ പാകത്തില്‍ ലഭിക്കുന്നതുമാണ് പട്ടികള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തും. ഹോട്ടലുകള്‍, കാറ്ററിങ് സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രത്യേകം നിര്‍ദേശം നല്‍കും. ഭക്ഷണങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.