തിരുവനന്തപുരത്ത് വ്യാപകമായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ടുകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ. ഒരു മാസം 10 തവണ നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടായി കണക്കാക്കുന്നത്.
28 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 വീതം തെരുവുനായ ആക്രമണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് ഡിസ്ട്രിക് വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.കൊല്ലത്ത് 19 ഹോട്ട്സ്പോട്ടുകളും പത്തനംതിട്ടയില്‍ 8 ഹോട്ട്സ്പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്സ്പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്സ്പോട്ടുകളുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഒരു ഹോട്ട്സ്പോട്ട് മാത്രമാണുള്ളത്. എറണാകുളത്ത് 14 ഹോട്ട്സ്പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം.