കെഎസ്ആർടിസിക്ക് 50 കോടിയുടെ അടിയന്തിര സഹായം അനുവദിച്ച് ധനവകുപ്പ്. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദേശം വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവ്.
ജീവനക്കാര്‍ക്ക് ശമ്പള കുടിശികയ്ക്ക് പകരം വൗച്ചറും കൂപ്പണും നൽകണമെന്നും കോടതി പറഞ്ഞു. ആറാം തീയതിക്ക് മുന്‍പ് ഇതു വിതരണം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. കൂപ്പണ്‍ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശികയായി നിലനിര്‍ത്തും.
പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിലും പറഞ്ഞിരുന്നു. അതേ സമയം കൂപ്പണുകൾ നൽകാമെന്ന നിർദ്ദേശത്തെ ജീവനക്കാർ എതിർത്തു.