ന്യൂഡൽഹി: അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്കു നിർദേശം. എഐസിസി അംഗങ്ങൾക്കും കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു കോൺഗ്രസ് അധ്യക്ഷൻമാർക്കു നിർദേശം. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രിക സമർപ്പണം നടത്തേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബർ 22 ന് പ്രസിദ്ധീകരിക്കും. സെപ്തംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഇതിന് മുമ്പായി പ്രമേയം പാസാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ എട്ടാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 17 ന് രാവിലെ 10 മണിമുതൽ വൈകീട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. ഒക്ടോബർ 19 ന് ഫലപ്രഖ്യാപനവും നടക്കും.
എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവർ നേതൃത്വസ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയാഗാന്ധി നേരത്തെ വ്യക്തമാക്കിയത്. പക്ഷേരാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പോലെയുള്ള മുതിർന്ന നേതാക്കളുടെ ആവശ്യം.
കഴിഞ്ഞ മൂന്നു വർഷമായി സോണിയ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാജിവയ്ക്കുകയായിരുന്നു. പാർട്ടിയുടെ മുഖമായി ഇപ്പോഴും രാഹുൽ ഗാന്ധിയെ തന്നെയാണ് ഉയർത്തിക്കാണിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പ് മുൻനിർത്തി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണ്.