തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ രാജ്യത്തെ സാധാരണജനങ്ങൾക്ക് നിഷേധിക്കുന്നതാണ് ഭരണഘടന നേരിടുന്ന വെല്ലുവിളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി അയ്യങ്കാളി സ്മാരക ഹാളിൽ നടന്ന ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതു കൊണ്ട് തന്നെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലിക അവകാശങ്ങൾ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല. അർണാബ് ഗോസ്വാമിക്കു ഒരു നീതിയും സ്റ്റാൻ സ്വാമിക്ക് മറ്റൊരു നീതിയും ലഭിച്ചത്. സാധാരണക്കാരുടെ ജീവിതം ദുസ:ഹമാക്കുന്ന നിയമങ്ങളാണ് കേന്ദ്രം നിർമിക്കുന്നത്.
കർഷക വിരുദ്ധ നിയമവും ,യു എ പി എ യുമെല്ലാം ഇതിൻ്റെ ഭാഗമായി ഉണ്ടായാതാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെ കടന്നുകയറ്റം നടത്തുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പോലും കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കേണ്ട സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളും മുന്നിൽ ഉണ്ടാവുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഭരണഘടനയുടെ അന്ത:സത്ത സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്ന് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാകെ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ്. അധികാരം എക്സിക്യുട്ടീവിൽ കൂടുതലായി കേന്ദ്രീകരിക്കുകയാണ്. ദോശ ചുട്ടെടുക്കുന്ന ലാഘവത്തിലാണ് പാർലമെൻറിൽ നിയമങ്ങൾ നിർമ്മിക്കുന്നത് എന്നും രാജേഷ് കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി ,ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, മാധ്യമ പ്രവർത്തകൻ ഡോ:കെ അരുൺകുമാർ , എന്നിവർ പ്രസംഗിച്ചു.
മാങ്കോട് രാധകൃഷ്ണൻ അദ്ധ്യക്ഷനായി.അരുൺ കെ.എസ് സ്വാഗതവും വി.ശശി എം എൽ എ നന്ദിയും പറഞ്ഞു.