പനാജി: സ്വന്തം പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗോവയിലെ മുതിർന്ന നേതാവ് ദിഗംബർ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞത്.
ഗോവയിലെ 11 കോൺഗ്രസ് എംഎൽഎമാരിൽ കാമത്ത് ഉൾപ്പെടെ എട്ട് പേരാണ് ഭരണകക്ഷിയായ ബിജെപിയിലേക്ക് മാറിയത്. ഏഴ് മാസം മുൻപ് കൂറുമാറ്റം നടത്തില്ലെന്ന് പള്ളിയിലും മോസ്കിലും ക്ഷേത്രത്തിലും സത്യം ചെയ്തവരാണ് ഒടുവിൽ കാലുവാരിയത്. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ പാർട്ടിവിടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ഈശ്വരന്റെ അനുമതി വാങ്ങിയിരുന്നെന്നും ഈശ്വരൻ സമ്മതിച്ചെന്നുമാണ് കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദിഗംബർ കാമത്ത് ന്യായീകരണം നടത്തിയത്. താൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. കോൺഗ്രസ് വിടില്ലെന്ന് തെരഞ്ഞെടുപ്പിന് മുൻപ് സത്യം ചെയ്തതാണ്.
എന്നാൽ താൻ വീണ്ടും വീണ്ടും ക്ഷേത്രത്തിൽ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ഈശ്വരനോട് ചോദിച്ചു. നിങ്ങൾക്ക് നല്ലത് എന്താണോ അതു ചെയ്യാൻ ദൈവം തന്നോട് പറഞ്ഞുവെന്ന് ഗോവ മുൻമുഖ്യമന്ത്രി കൂടിയായ അദ്ദേഹം മാധ്യമപ്രവർത്തകരോട് അറിയിച്ചു.
ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവർ ഉൾപ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ബുധനാഴ്ച, ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ചു.