ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മൗലികാവകാശമല്ലെന്ന് സുപ്രിംകോടതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരൻ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മേയ് 12ന് വിജ്ഞാപനം പുറപ്പെടുവിച്ച രാജ്യസഭ തെരഞ്ഞെടുപ്പിൽ പിന്താങ്ങാൻ ആരുമില്ലാത്തതിനാൽ പത്രിക നൽകാൻ കഴിയാതിരുന്ന വിശ്വനാഥ് പ്രതാപ് സിങ് എന്ന വ്യക്തി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാരന്റെ വാദങ്ങൾ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പിന്താങ്ങാൻ ആരുമില്ലാതെ പത്രിക സ്വീകരിക്കാതിരുന്നതോടെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടതായി ഹരജിക്കാരൻ വാദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഹരജിയാണിതെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി, ഒരു മാസത്തിനകം ഒരു ലക്ഷം രൂപ നിയമസഹായ സമിതിയിൽ അടക്കാനും ഉത്തരവിട്ടു.