നായർ സമുദായം ഉൾപ്പെടെയുള്ള സമുദായക്കാർക്ക് രാജകുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനുള്ള വിലക്ക് അവസാനിപ്പിച്ച് കൊച്ചി രാജകുടുംബം.ഒരു നായർ കുടുംബ നാഥൻ്റെ പരാതി വിവാദമായതോടെയാണ് കൊച്ചി രാജകുടുംബം തീരുമാനം എടുത്തത്. രാജകുടുംബം തുടർന്ന് വന്നിരുന്ന രാജകുടുംബത്തിലെ അംഗങ്ങൾ താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താൽ മരണാനന്തരകർമ്മങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സമ്പ്രദായമാണ് കൊച്ചി രാജകുടുംബം അവസാനിപ്പിച്ചത്.
കളിക്കോട്ട സ്റ്റാച്യു റോഡിലെ പാലസിൽ താമസിക്കുന്ന നായർ കുടുംബനാഥൻ്റെ പരാതിയാണ് വിവാദത്തിലായത്.രാജകുടുംബാംഗമായ തൻ്റെ ഭാര്യയെയും മക്കളെയും കഴിഞ്ഞദിവസം നിര്യാതയായ അമ്മയുടെ മരണാനന്തരകർമ്മങ്ങളിൽ വിലക്കിയെന്നു കാട്ടിയാണ് കുടുംബനാഥൻ പരാതി ഉന്നയിച്ചത്. പരാതി വിവാദമായതോടെ കഴിഞ്ഞദിവസം രാജകുടുംബാംഗങ്ങളുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ചയിലാണ് നിലവിലെ വിവാദമായ ഒഴിച്ചു നിർത്തൽ പിൻവലിക്കാൻ തീരുമാനമായത്. മരിച്ച വയോധികയുടെ മകളെയും പേരക്കുട്ടികളെയും അടിയന്തിര ചടങ്ങുകളിൽ പങ്കെടുപ്പിക്കാനും രാജകുടുംബാംഗങ്ങളുടെ സംഘടന ഭാരവാഹികളുടെ ചർച്ചയിൽ തീരുമാനമായി. മുടക്കംവന്ന കർമ്മങ്ങളുടെ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തണമെന്ന് തീരുമാനവും യോഗം കൈക്കൊണ്ടിരുന്നു.
കൊച്ചി രാജകുടുംബത്തിലുള്ളവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് പ്രത്യേക പദവിയുള്ള കാർമ്മികനാണ്. ഈ കാർമ്മികനാണ് മറ്റു സമുദായക്കാർക്ക് ഭൃഷ്ട് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് രാജകുടുംബാംഗങ്ങളുടെ സംഘടന ഭാരവാഹികൾ പറഞ്ഞത്.