മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് തിരികെ വരുന്നു. ഇത് രണ്ടാം തവണയാണ് മുകുള്‍ റോത്തഗി എജി പദവിയിലെത്തുന്നത്. നിലവിലെ എജിയായ കെകെ വേണുഗോപാല്‍ സ്ഥാനമൊഴിയുന്നതിനു പിന്നാലെ ഒക്ടോബര്‍ ഒന്നിന് മുകുള്‍ റോത്തഗി ചുമതലയേല്‍ക്കും.
വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ജൂണിലാണ് അദ്ദേഹം എജി സ്ഥാനം രാജിവെച്ചത്. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.2014 മുതല്‍ 2017 വരെയുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ 67 കാരനായ റോത്തഗി അറ്റോര്‍ണി ജനറലായിരുന്നു. പിന്നീട് എജി സ്ഥാനം രാജിവച്ച ഉടന്‍ തന്നെ അദ്ദേഹം തന്റെ സ്വകാര്യ പ്രാക്ടീസ് പുനഃരാരംഭിച്ചു.
റോത്തഗിയുടെ രാജിയെത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനുമായ കെ.കെ.വേണുഗോപാലിനെ 2017 ജൂലൈ 1 മുതല്‍ അറ്റോര്‍ണി ജനറലായി നിയമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് വര്‍ഷത്തെ കാലാവധി കേന്ദ്രം രണ്ട് തവണ നീട്ടിയിരുന്നു. തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.
ഈ വര്‍ഷം ജൂണില്‍, വേണുഗോപാലിന് പകരം യോഗ്യനായ ആളെ കണ്ടെത്താനായി മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഈ മാസം അവസാനം വരെ അദ്ദേഹം ചുമതലയില്‍ തുടരും