മുംബൈ: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി ഉയർന്നു. ഭഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതൽ 6 വരെ വരുന്ന മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.
ജൂലൈയിൽ രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.71 ശതമാനം ആയിരുന്നു. തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തിൽ നിന്ന് 2022 ഓഗസ്റ്റിൽ 7.62 ശതമാനമായി ഉയർന്നു.
ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും ഓഗസ്റ്റിൽ പണപ്പെരുപ്പം 7 ശതമാനത്തിലെത്തി എന്നതാണ് മറ്റൊരു പ്രധാന കാര്യം. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാൻ വരും മാസങ്ങളിൽ കൂടുതൽ പലിശനിരക്ക് ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരായേക്കും. ഇത് വീണ്ടും സാധാരണ ജനങ്ങളുടെ നടുവൊടിക്കും. ഇപ്പോൾ തന്നെ ഉയർന്ന പലിശ നിരക്കാണ് എല്ലാ ബാങ്കുകളും വായ്പകൾക്ക് മുകളിൽ ഈടാക്കുന്നത്.
പണപ്പെരുപ്പം വർധിക്കുന്നതിന് അനുസരിച്ച് അവശ്യ സാധനങ്ങളുടേത് ഉൾപ്പെടെ എല്ലാത്തരം വസ്തുക്കൾക്കും വിലവർധിക്കും. ശമ്പളം ഉൾപ്പെടെ വർധിക്കാത്ത അവസ്ഥയിൽ വിലവർധന സാധാരണക്കാരുടെ നടുവൊടിക്കും.