തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. കണ്ണമ്പടി കിഴുകാനം സ്വദേശികൾക്കാണ് കടിയേറ്റത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. കടിയേറ്റവർ കട്ടപ്പന ഇരുപതേക്കർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
തൃശൂരിൽ അഞ്ചേരിയിലാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. വൈകീട്ട് അഞ്ചേരി സ്കൂളിന് സമീപത്തുവച്ചാണ് ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ബംഗാൾ സ്വദേശിയേയും നായകൾ കടിച്ചത്.
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം. ശബ്ദമുണ്ടാക്കിയതോടെ ഇവിടെനിന്നും ഓടിയ നായകൾ കുറച്ചപ്പുറത്ത് കൂടി നടന്നുവരികയായിരുന്ന ബംഗാൾ സ്വദേശിയേയും കടിക്കുകയായിരുന്നു. കാലിന് കടിയേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി കട്ടപ്പന ഉപ്പുതറയിൽ വിദ്യാർഥിയടക്കം 5 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയിൽ കണ്ണംപടി ആദിവാസി മേഖലയിൽ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികളില്ലാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.