തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്ത് എംഎല്‍എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെ നാമനിര്‍ദേശപത്രിക സമർപ്പിക്കാം.
എം.ബി. രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ മത്സരിക്കും.
ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യുട്ടി സ്പീക്കര്‍ പ്രഖ്യാപിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കർ സ്ഥാനത്തുനിന്നു രാജിവച്ച എം.ബി.രാജേഷ് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജേഷ് രാജിക്കത്ത് കൈമാറിയത്.
പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് 12നു രാവിലെ 10നാണ് നിയമസഭ ചേരുക. കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ചയായി ആണ് ചേരുന്നത്. ആ സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയ സാഹചര്യത്തിൽ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടത്തുക. തുടർന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷമാവും സഭ പിരിയുക.