അമിതമായി ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നതിൽ ഇന്ത്യക്കാർ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിച്ചത്.ആന്റിബയോട്ടിക്സില്‍ ഭൂരിഭാഗത്തിനും ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയില്ല. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്കാര നടപടികള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.
പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതില്‍ ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ദിവസം തോറും ഉപയോഗിക്കേണ്ട നിശ്ചിത ഡോസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആന്റിബയോട്ടിക്സില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിന്‍ ആണ്. 12.6 ശതമാനം. സെഫിക്സിമാണ് തൊട്ടുപിന്നില്‍. 10.2 ശതമാനം. അസിത്രോമൈസിന്‍ 500 എംജി ടാബ് ലെറ്റിനാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക്സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ കാരണമാകും. ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്റിബയോട്ടിക്സിന്റെ വില്‍പ്പന, ലഭ്യത, ഉപഭോഗം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ അധികാര പരിധി കൃത്യമായി നിര്‍വചിക്കണം.