കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിരവധി തവണ സമന്‍സ് അയച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോളോയ് ഘട്ടക്കിന്റെ അസന്‍സോളിലെയും കൊല്‍ക്കത്തയിലെയും വസതികളിൽ റെയ്ഡ് നടത്തിയത്.
സിബിഐ സംഘം മോളോയ് ഘട്ടക്കിന്റെ വസതിയില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. കൊല്‍ക്കത്തയിലെ അഞ്ച് സ്ഥലങ്ങളിലും അസന്‍സോളിലെ ഒരിടത്തുമാണ് സിബിഐ റെയ്ഡ് നടത്തിയത്. കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഇഡി ഡല്‍ഹി ഓഫീസില്‍ ചോദ്യം ചെയ്യലിനായി അസന്‍സോള്‍ ഉത്തറില്‍ നിന്നുള്ള എംഎല്‍എയായ മോളോയ് ഘട്ടക് ഒരിക്കല്‍ ഹാജരായിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ഇഡി പുറപ്പെടുവിച്ച മറ്റ് പല സമന്‍സുകളും അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം.
സിബിഐ സംഘത്തിന്റെ വരവിന് മുന്നോടിയായി, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഘട്ടക്കിന്റെ അസന്‍സോളിലെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.