ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ഇന്ത്യ തോറ്റു. ഇതോടെ ഇന്ത്യ മത്സരത്തിന് പുറത്തായേക്കും. ശ്രീലങ്കയ്ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ഇന്ത്യയെ തുണയ്ക്കണം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ പതും നിസ്സങ്ക (52), കുശാല്‍ മെന്‍ഡിസ് (57) സഖ്യം 97 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. 12-ാം ഓവറിലാണ് മടക്കം. പിന്നീട് തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110 എന്ന നിലയിലായി. ധനുഷ്ക ഗുണതിലകയും (1) മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി.
നേരത്തെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (41 പന്തില്‍ 72) റണ്‍സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു. അംപയറുടെ കാള്‍ ഔട്ടാണെന്നുള്ളത് തിരിച്ചടിയായി. അടുത്ത ഓവറില്‍ കോലിയും മടങ്ങി. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. മധുഷനകയുടെ പന്ത് ഫ്ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം കോലി ബൗള്‍ഡായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി.