ഭുവനേശ്വർ: ഒഡീഷയിൽ നഴ്സ്ംഗ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഭുവനേശ്വറിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ഉറങ്ങാൻ കഴിയാത്തതാണ് മരണകാരണമെന്ന് പറയുന്നു. കുറച്ചു ദിവസമായി നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചില്ല എന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നും കത്തിൽ പറയുന്നു.
അതേസമയം തന്റെ പ്രവർത്തിയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുമുണ്ട്. കത്ത് വിദ്യാർഥി തന്നെ എഴുതിയതാണോ എന്ന് ഫോറൻസിക് വിഭാഗം പരിശോധിച്ചു വരികയാണ്.
കുട്ടി വലിയ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ശനിയാഴ്ച രാത്രി തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു എന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കത്തിൽ ആർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.