വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ രൂപവും ഭാവവും മാറ്റാനൊരുങ്ങി ലത്തീന്‍ അതിരൂപത. സമരം ബഹുജന പ്രക്ഷോഭമാകുമെന്ന് കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൗൺസിൽ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും പള്ളികളില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ സര്‍ക്കുലര്‍ വായിച്ചു. നാളെ ബിഷപ്പ് തോമസ് ജെ നെറ്റോയും ബിഷപ്പ് സൂസെപാക്യവും സമരപന്തലില്‍ ഉപവാസ സമരമിരിക്കും.
സമരം സംസ്ഥാനാമൊട്ടാകെ പ്രക്ഷോഭം വ്യാപിപ്പിക്കും. മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കും.ജനപ്രതിനിധികളുമായി സംവാദ പരിപാടികൾ നടത്താനും തയ്യാറെന്ന് അവര്‍ അറിയിച്ചു
കേരളം മൊത്തം ചര്‍ച്ചയാകുന്ന തരത്തില്‍ സമരത്തെ മാറ്റുമെന്ന് തിരുവനന്തപുരം വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. ഇത് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ലാസ്റ്റ് ബസാണെന്ന് ലത്തീന്‍സഭ ആവര്‍ത്തിച്ചു. അതിനിടെ തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും ലത്തീന്രൂപതയ്ക്ക് കീഴിലുള്ള പള്ളികള്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ വായിച്ചു. ഏഴ് ആവശ്യങ്ങളും ഒരിക്കല്‍കൂടി ആവര്‍ത്തിച്ച സര്‍ക്കുലറില്‍ സമരം ശക്തമാക്കുമെന്ന് പറഞ്ഞു.
വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.