ഭോപ്പാൽ: സിനിമാ താരങ്ങളായ ശബാന ആസ്മി, നസിറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. അവർ മൂവരും തുക്ഡെ- തുക്ഡെ സംഘത്തിന്റെ ഏജന്റുമാരാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമേ ഇവര്‍ ശബ്ദമുയര്ത്താറുള്ളൂവെന്ന് മിശ്ര കുറ്റപ്പെടുത്തി. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതില്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മിശ്രയുടെ വിമര്‍ശനം.
“ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ മാത്രം പ്രശ്നങ്ങള്‍ കണ്ടെത്തുന്ന തുക്ഡെ-തുക്ഡെ ഗ്യാങ്ങിന്റെ സ്ലീപ്പര്‍ സെല്‍ ഏജന്റുമാരാണ് ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവരെ പോലെയുള്ളവര്‍”- മിശ്ര പറഞ്ഞു. “ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും പ്രശ്നം ഉടലെടുക്കുമ്പോള്‍ മാത്രം നസീറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ ഭയം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം സജീവമാകുന്ന, തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് മടക്കി നല്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇത്തരക്കാരുടെ തനിനിറം ഇപ്പോള്‍ എല്ലാവര്ക്കും അറിയാം”. മിശ്ര തുടര്‍ന്നു.
“രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ ഝാര്‍ഖണ്ഡില്‍ യുവതിയെ ജീവനോടെ ചുട്ടെരിച്ചതിനെ കുറിച്ചോ ഷബാന ആസ്മിയ്ക്ക് യാതൊന്നും പറയാനില്ല. ഇക്കൂട്ടര്‍ ഈ വിഷയങ്ങളില്‍ പ്രതികരിച്ച് കാണാറില്ല. ഇക്കാര്യങ്ങളില്‍ നിന്നുതന്നെ ഇവരുടെ മാനസികാവസ്ഥയെ കുറിച്ച് മനസിലാക്കാവുന്നതാണ്. ഇവരെ എങ്ങനെയാണ് സംസ്കാരസമ്പന്നരെന്നോ മതേതരരെന്നോ സംബോധന ചെയ്യാന്‍ സാധിക്കുക?”. മിശ്ര കൂട്ടിച്ചേര്‍ത്തു.