പത്തനംതിട്ട: കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടറെ സസ്പെന്റ് ചെയ്തു. സ്പെഷ്യല്‍ ഓഫീസറെ മര്‍ദിച്ചു എന്ന് കാണിച്ചാണ് കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ പി എല്‍ സന്തോഷ് കുമാറിനെ സസ്പെന്റ് ചെയ്തത്.
കഴിഞ്ഞമാസം പതിനേഴിനാണ് സംഭവം. കട്ടപ്പന ഡിപ്പോയില്‍ നിന്നു ചെങ്ങന്നൂര്‍-പമ്പ സ്പെഷ്യല്‍ സര്‍വീസിനായി എത്തിയതായിരുന്നു സന്തോഷ്. നിലയ്ക്കല്‍ സ്റ്റാന്റില്‍ അയ്യപ്പ ഭക്തര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങി. ബസ് വിട്ടു പോകാന്‍ നിര്‍ദേശം നല്‍കിയിട്ടും യാത്രക്കാരെ കാത്ത് ബസ് പോകാതെ കിടന്നു. ബസ് മുന്നോട്ടു നീക്കിയിടാന്‍ കണ്ടക്ടര്‍ ബെല്ലടിച്ചപ്പോള്‍ ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ ബഹളം വെച്ചു. ബഹളം കേട്ടെത്തിയ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കണ്ടക്ടറുടെ വേ ബില്ല് വാങ്ങി പേര് കുറിച്ചെടുത്തു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
ബസ് പമ്പയില്‍ എത്തിയപ്പോള്‍ കണ്‍ട്രോളിങ് ഇന്‍സ്പക്ടര്‍ ഷിബു കുമാര്‍ എത്തി കണ്ടക്ടറുടെ മൊഴിയെടുത്തു. ചെയ്യാത്ത കുറ്റത്തിനു നടപടി എടുക്കരുതെന്നു കണ്ടക്ടര്‍ പറഞ്ഞതോടെ ഉദ്യോഗസ്ഥരുമായി തര്‍ക്കമായി. തര്‍ക്കം മൂത്തു കയ്യാങ്കളിയിലെത്തി. സ്പെഷ്യല്‍ ഓഫിസര്‍ മര്‍ദിക്കുകയും നെഞ്ചത്തു ചവിട്ടുകയും ചെയ്തതായി കണ്ടക്ടര്‍ പൊലീസില്‍ പരാതിപ്പെട്ടു.
അതേസമയം, കണ്ടക്ടര്‍ മര്‍ദിച്ചതായി സ്പെഷ്യല്‍ ഓഫിസര്‍ ഷിബു കുമാര്‍ പമ്പ പൊലീസില്‍ പരാതി നല്കി. സന്തോഷിനെതിരെ നടപടിക്കു ചീഫ് ഓഫിസിലേക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.