ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താന് സൂപ്പര്‍ ഫോറില്‍. ദുര്‍ബലരായ ഹോങ് കോങ്ങിനെ 155 റണ്‍സിന് തകര്‍ത്താണ് പാകിസ്താന് അവസാന നാലിലെത്തിയത്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തേ യോഗ്യത നേടിയിരുന്നു. പാകിസ്താന് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ് 10.4 ഓവറില്‍ ഓവറില്‍ വെറും 38 റണ്‍സിന് പുറത്തായി.
ഹോങ്കോങ്ങിനെ തലങ്ങും വിലങ്ങും പൂട്ടിക്കെട്ടുന്നതായിരുന്നു പാക് ബൗളിംഗ്. ഹോങ് കോങ് ടീമിലെ ഒരു താരം പോലും രണ്ടക്കം കണ്ടില്ലായെന്നതും ഈ കളിയുടെ പ്രത്യേകതയാണ്.
എട്ട് റൺസെടുത്ത നായകൻ നിസാകത് ഖാനാണ് ടോപ് സ്കോറർ. പാകിസ്താന് വേണ്ടി ശദബ് ഖാൻ നാലുവിക്കറ്റെടുത്തപ്പോൾ മുഹമ്മദ് നവാസ് മൂന്നുവിക്കറ്റ് വീഴ്ത്തി. നസീം ഷാ രണ്ടും ഷഹനവാസ് ദഹാനി ഒരു വിക്കറ്റും നേടി.
സെപ്റ്റംബർ മൂന്നിന് സൂപ്പർ ഫോർ പോരാട്ടങ്ങൾ ആരംഭിക്കും. സെപ്റ്റംബർ നാലിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും.
ആദ്യം ബാറ്റുചെയ്ത പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. തുടക്കത്തിൽ തന്നെ നായകൻ ബാബർ അസമിനെ നഷ്ടപ്പെട്ട പാകിസ്താന് പക്ഷേ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രിസ്വാനും ഫഖർ സമാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
53 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റ് വീണതിന് പിന്നാലെയെത്തിയ കുഷ്ദിൽ ഷാ അവസാന ഓവറുകളിൽ തകർത്തടിച്ചപ്പോള്‍ ടീം സ്കോർ 190 കടന്നു. 15 പന്തിൽ 35 റൺസാണ് കുഷ്ദിൽ ഷാ അടിച്ചെടുത്തത്. ഓപ്പണറായ മുഹമ്മദ് രിസ്വാൻ 56 പന്തിൽ പുറത്താകാതെ 78 റൺസെടുത്തു. ആദ്യം പുറത്തായ ബാബർ അസം ഒൻപത് റൺസെടുത്തു.
ഹോങ് കോങ്ങിനുവേണ്ടി എഹ്സാന്‍ ഖാന് രണ്ട് വിക്കറ്റെടുത്തു.
ഇതോടെ സൂപ്പര്‍ ഫോര്‍ ലൈനപ്പായി. സെപ്റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാലിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും.