ലണ്ടന്‍: യുകെയില്‍ മങ്കിപോക്സിന്റെ പുതിയ വകഭേദം കണ്ടെത്തി. എന്നാല്‍ പുതിയ ഇനത്തിന്റെ ലക്ഷണങ്ങള്‍, രോഗതീവ്രത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
വെസ്റ്റ് ആഫ്രിക്കയില്‍ പോയി തിരികെയെത്തിയ ആളിലാണ് രോഗം കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വെസ്റ്റ് ആഫ്രിക്ക- സെൻട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണെമന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് ഏജൻസി അറിയിക്കുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ചയാളെ അതീവസുരക്ഷിതമായി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാൻ ആണ് തീരുമാനം.
യുകെയിലടക്കം മങ്കിപോക്സ് സ്ഥിരീകരിച്ച മിക്ക രാജ്യങ്ങളിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലാണ് കൂടുതലും രോഗം കണ്ടെത്തപ്പെട്ടത്. എന്നാലിത് വച്ച് മാത്രം മങ്കിപോക്സിനെ ലൈംഗികരോഗമായി കണക്കാക്കാനും സാധിക്കില്ല. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകരാം. ജനനേന്ദ്രിയം അടക്കം ശരീരത്തിന്റെ വിവിധയിടങ്ങളില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെടുത്തുന്ന കുമിളകള്‍ പൊങ്ങുക, പനി, തളര്‍ച്ച എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.