കണ്ണൂര്‍: സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് എ.എൻ ഷംസീർ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംയോജിപ്പിച്ച് കൊണ്ടുപോവുകയെന്നതാണ് സ്പീക്കറിന്റെ ധർമ്മം. അത് ഭംഗിയായി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി എം.വി. ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചത്. രാജേഷിന് പകരമാണ് തലശേരി എംഎല്‍എ എ.എന്‍.ഷംസീർ സ്പീക്കറാകുന്നത്.
രാജേഷിനും ഷംസീറിനും പുറമെ പൊന്നാനി എംഎല്‍എ നന്ദകുമാര്‍ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിച്ചു. ഇതില്‍നിന്നാണ് രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും പരിഗണിച്ചത്. സജി ചെറിയാന് രാജിവെച്ചൊഴിഞ്ഞതിന് പകരം ഇപ്പോള്‍ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എഎന്‍ ഷംസീര്‍ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു.
എൽഎൽഎം ബിരുദധാരി. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം.സഹല. മകൻ: ഇസാൻ.