ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്ന ജി 23 സംഘത്തിന്റെ വാദം തള്ളി പാര്‍ട്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദനന് മിസ്ത്രി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പാണെന്നും പൊതുമധ്യത്തില്‍ നടത്താനാകില്ലെന്നും മിസ്ത്രി പറഞ്ഞു.
എന്നാല്‍ ആര്‍ക്ക് വേണമെങ്കിലും പി.സി.സി ഓഫീസുകളിലെത്തി പേരുകള്‍ പരിശോധിക്കാമെന്നും ആവശ്യപ്പെടുന്നവര്‍ക്ക് ഇത് ലഭ്യമാക്കുമെന്നും മധുസൂദനന് മിസ്ത്രി പറഞ്ഞു.
വോട്ടര്‍മാരായി ഒമ്പതിനായിരം അംഗങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ ചോദ്യമുന്നയിച്ചതിനുപിന്നാലെ മനീഷ് തിവാരിയും കടുത്തവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്ലബ്ബ് തിരഞ്ഞെടുപ്പില്‍പ്പോലും കാണാത്ത നടപടികളാണിപ്പോഴത്തേതെന്ന് തിവാരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കണമെന്നും വോട്ടര്‍പട്ടിക കോണ്‍ഗ്രസിന്റെ വെബ്സൈറ്റിലൂടെ പൊതുവായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.