സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ഭേദഗതി അനുസരിച്ച് അഞ്ച് അംഗത്തില്‍ മൂന്ന് പേര് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരാണ്. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പാനലില്‍ നിന്നും വിസിയെ നിയമിക്കണം. ഇതോടെ അഞ്ചില്‍ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് ഇഷ്ടമുള്ള ആളെ വിസിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളയാള്‍ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അതിനാല്‍ നിയമ ഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.