കൊച്ചി, :മുൻനിര ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ഏഷ്യാൽവിൽ മലയാളം വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്കായി സംഘടിപ്പിച്ച യൂസർ ജനറേറ്റഡ് കണ്ടന്റ് മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. എയർഹോസ്റ്റസും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശിൽപ ശിവരാമനാണ് വിജയി. എസ്പിസി ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ മത്സരത്തിൽ ഒരു ലക്ഷം രൂപയാണ് സമ്മാനം.
ജൂലൈ 15 ന് തുടങ്ങിയ മത്സരത്തിൽ ലോകമെമ്പാടുമുള്ള വീഡിയോ ക്രിയേറ്റർമാരോട് ഒരു മിനിറ്റോ അതിൽ താഴെയോ ഉള്ള കണ്ടന്റ് വീഡിയോകൾ അപ്ലോഡ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. മത്സര കാലയളവിൽ 200 വീഡിയോകളിൽ നിന്നായി 1.5 മില്യൺ കാണികളിലേക്കായിരുന്നു ശിൽപയുടെ കണ്ടന്റ് എത്തിപ്പെട്ടത്. ആദ്യ പത്തിലെത്തിയ മത്സരാർത്ഥികൾക്ക് സ്മാർട്ട് വാച്ചും സമ്മാനമായി നൽകി.പതിനായിരത്തിലധികം വീഡിയോകളാണ് മത്സരകാലയളവിൽ ഏഷ്യാവിലിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഏയ് വീ ആപ്പിലേക്ക് ഒഴുകിയത്. വീഡിയോകളുടെ ബാഹുല്യം മാത്രമല്ല ഉള്ളടക്കത്തിന്റെ വൈവിദ്ധ്യവും മത്സരത്തെ വൻ വിജയമാക്കി. മലയാളി വീഡിയോ ക്രിയേറ്റർമാരുടെ ക്രിയാത്മകമായ മികവ് പ്രകടമാക്കുന്നവയായിരുന്നു ഓരോ കണ്ടന്റുകളെന്ന് ഏഷ്യാവിൽ അധികൃതർ അറിയിച്ചു.
വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ശിൽപ ശിവരമാൻ പറഞ്ഞു. ലൈഫ് സ്റ്റൈൽ വീഡിയോകൾ ചെയ്യുന്നതാണ് താൽപര്യമെന്നും പ്രാദേശിക ഭാഷാ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഏഷ്യാവില്ലിന്റെ ഏയ് വി ആപ്പ് മികച്ച വേദിയാണ് ഒരുക്കുന്നതെന്നും ശിൽപ വ്യക്തമാക്കി.
വീഡിയോ ക്രിയേറ്റേഴ്സിന് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ നിരവധി വേദികളുണ്ടെങ്കിലും, പ്രൊഫഷനായി മാറ്റുന്നതിനും വരുമാനം കണ്ടെത്താനുമുള്ള അവസരങ്ങൾ കുറവാണ്. ഈ വിടവ് നികത്താനാണ് ഏയ് വി ആപ്പ് ശ്രമിക്കുന്നതെന്ന് ഏഷ്യാവിൽ സിഇഒ തുഹീൻ മേനോൻ പറഞ്ഞു. ഗുണനിരവാരമുള്ള ഉള്ളടക്കങ്ങൾക്ക് ഒരു സമാന്തര വരുമാന സ്രോതസ്സായി ഏയ് വി ആപ്പ് പ്രവർത്തിക്കും. 5 ജി ഇന്റർനെറ്റ് വരുന്നതോടെ കണ്ടന്റ് ക്രിയേഷനിൽ വരാനിരിക്കുന്ന കുതിപ്പ് തിരിച്ചറിഞ്ഞ് പ്രാദേശിക ഭാഷയിലുള്ള ക്രിയേറ്റേഴ്സിന് ഏറ്റവും മികച്ച അവസരങ്ങൾ ഏയ്വി ആപ്പ് ഉറപ്പാക്കുമെന്നും തുഹീൻ മേനോൻ വ്യക്തമാക്കി.