ദുബായ്: ഹോങ്കോംഗിനെതിരെ 40 റൺസിന്റെ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിലേക്ക്. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗിന് 152 റൺസ് കണ്ടെത്താനേ സാധിച്ചുള്ളൂ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്. ഹോങ്കോങ്ങിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.
41 റൺസ് എടുത്ത ബാബർ ഹയാത്തും കിഞ്ചിത് ഷായും (30) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. വാലറ്റത്ത് ആയിസാസ് ഖാനും (26) സ്കോട്ട് മക്ചെനിയും (16) നടത്തിയ പോരാട്ടം തോൽവി ഭാരം കുറച്ചു.
ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നിസകാത് ഖാൻ (12 പന്തിൽ 10), യാസിം മുർത്താസ (ഒൻപതു പന്തിൽ ഒൻപത്), ഐസാസ് ഖാൻ (13 പന്തിൽ 14) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 15 റൺസ് വഴങ്ങിയം ഓരോ വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 53 റൺസാണ്. ഒരു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ് നാല് ഓവറിൽ 44 റൺസും വഴങ്ങി.
കോഹ്ലിയുടേയും (59) സൂര്യകുമാർ യാദവിന്റെയും (68) അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. ഇരുവരും പുറത്താകാതെ നിന്നു.
44 പന്തിൽ മൂന്ന് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിംഗ്സിനെ സൂര്യകുമാറായിരുന്നു പ്രതീക്ഷകളുടെ ബൗണ്ടറി കടത്തിയത്. 26 പന്തിൽ ആറ് സിക്സും ആറ് ബൗണ്ടറിയും സൂര്യകുമാറിന്റെ ബാറ്റിൽനിന്നും പിറന്നു. അവസാന ഓവറിൽ നാല് സിക്സർ ഉൾപ്പെടെ 26 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയിച്ച ഇന്ത്യ, ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി. തുടർച്ചയായ രണ്ടു ജയങ്ങളുമായി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.