ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി വളർച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം അവസാന പാദത്തിലെ 4.1 ശതമാനത്തിൽനിന്നാണ് വളർച്ചാനിരക്കിലെ കുതിപ്പ്.
കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപാദത്തിൽ 20.1 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. ഉപഭോഗത്തിലെ വർധനവാണ് വളർച്ചാനിരക്ക് ഉയരാൻ ഇടയാക്കിയത്. ആദ്യപാദത്തിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ വളർച്ചാ നിരക്കാണിത്.
എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ ജിഡിപി 15.2% എത്തുമെന്നായിരുന്നു. ബ്ലൂംബർഗിന്റെ സർവേയിൽ അത് 15.3% ആയിരുന്നു.
അതേസമയം, ഈ പാദത്തിൽ ചൈനയുടെ വളർച്ച 0.4% ആയിരുന്നു.