ഹിസാർ: ബിജെപി നേതാവും നടിയുമായ കൊല്ലപ്പെട്ട സൊനാലി ഫോഗട്ടിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പിടിയിൽ. ഹരിയാനയിലെ ഹിസാർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണ്.
ഫോഗട്ടിന്റെ ഫാം ഹൗസിൽനിന്നാണ് ലാപ് ടോപ്പും മൊബൈൽ ഫോണും കളവുപോയത്. മോഷ്ടാവില്‍ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തു.
അതേസമയം, കേസ് അന്വേഷിക്കാൻ ഗോവ പോലീസ് സംഘം ഹിസാർ ജില്ലയിൽ എത്തി. ആദ്യം സദർ പോലീസ് സ്റ്റേഷനിലെത്തിയ സംഘം പിന്നീട് സൊണാലി ഫോഗട്ടിന്റെ ഫാം ഹൗസ് സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു.
ഓഗസ്റ്റ് 22ന് ഗോവയിലായിരുന്നു സോനാലിയുടെ മരണം. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇതിനെ കുടുംബം ചോദ്യം ചെയ്തിരുന്നു. നടിയുടെ പിഎ സുധീർ സാംഗ്വാൻ, ഇയാളുടെ സുഹൃത്ത് സുഖ്വീന്ദർ വാസിക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഗോവയിൽ നടി എത്തിയതു മുതൽ ഇവർ ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ നോർത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ആശുപത്രിയിലായിരുന്നു സോനാലിയുടെ മരണം സ്ഥിരീകരിച്ചത്. തന്റെ സഹോദരിയെ സുധീർ സാംഗ്വാനും സുഖ്വീന്ദറും ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സോനാലിയുടെ സഹോദരൻ റിങ്കു ധാക്ക പരാതി നൽകിയിരുന്നു. സോനാലിയുടെ മോശം വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും റിങ്കു പറയുന്നു.
ടിക് ടോക് മുൻ താരമായ സൊനാലി റിയാൽറ്റി ടിവി ഷോയായ ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയിയോടു പരാജയപ്പെട്ടു.