വിഴിഞ്ഞത്ത് അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും അറിയിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ . സമരത്തിന്റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും നിലപാടടുത്തു. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ പറഞ്ഞു.
തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണം അനുവദിക്കില്ലെന്നും ഹർജിയിൽ എതിർകക്ഷികളായ വൈദികർ കോടതിയെ അറിയിച്ചു.
വിഴിഞ്ഞം തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു.