ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കർ-ഇ-ത്വയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ചൊവ്വാഴ്ച ഷോപ്പിയാനിലെ നാഗ്ബാൽ പ്രദേശത്താണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. തിരച്ചിൽ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, ജമ്മു കശ്മീരിൽ ഉറിയിൽ സൈനികർ ഏറ്റുമുട്ടലിൽ വധിച്ച പാക് സൈനികരിൽ നിന്ന് കണ്ടെത്തിയത് ചൈനീസ് നിർമിത തോക്കുകളെന്ന് സൈന്യം. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികർ കൊലപ്പെടുത്തിയത്. പാക് സൈനികരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് ഗൗരവമായ കാര്യമാണെന്നും അപ്രതീക്ഷിതമാണെന്നും സൈന്യം അറിയിച്ചു.
എകെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം–16 തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പാക് ഭീകരരിൽ നിന്ന് കണ്ടെടുത്തത്. ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ് ഭീകരരിൽ നിന്ന് ലഭിച്ച ആയുധങ്ങളിലുണ്ടായിരുന്നത്. സാധാരണ ഭീകരർ ഉപയോഗിക്കുന്നത് എകെ സീരിസിലുള്ള ആയുധങ്ങളാണ്. യുഎസ് നിർമിത എം–4 റൈഫിളുകളും കണ്ടെത്താറുണ്ട്. എന്നാൽ ചൈനീസ് നിർമിത ആയുധങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.