തിരുവനന്തപുരം: ഓപ്പറേഷന് പി ഹണ്ട് പരിശോധനയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേര് അറസ്റ്റിലായി. 656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ ടീമിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തുന്നത്. 67 കേസുകള്‍ എടുത്ത സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.
അഞ്ച് വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. സൗത്ത് സോണ്‍ ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ പി. പ്രകാശ് ഐപിഎസാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.