ദീർഘനേരമുള്ള ഇരിപ്പ് പ്രശ്നങ്ങൾ വരുത്തിവയ്ക്കും.തുടർച്ചയായി ഇരിക്കുന്നതുമൂലം ചില പേശികൾ അമിതമായി ഉപയോഗിക്കുകയും മറ്റുചിലതിനെ തീരെ ഉപയോഗിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇത് മലബന്ധം, സമ്മർദ്ദം, തളർച്ച തുടങ്ങിയവയ്ക്ക് കാരണമാകും. മെറ്റബോളിസവും രക്തപ്രവാഹവും മന്ദഗതിയിലാക്കും എന്നുമാത്രമല്ല രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെയാകും. ഹൃദ്രോഗം, ചിലതരം കാൻസർ, ടൈപ്പ് 2 പ്രമേഹം, രക്തം കട്ടപിടിക്കുന്നത് പോലെയുള്ള വാസ്കുലാർ പ്രശ്നങ്ങൾ, മോശം രക്തചംക്രമണം, പുറം വേദന, പേശി വേദന, മന്ദഗതിയിലുള്ള മെറ്റബോളിസം തുടങ്ങി പല പ്രശ്നങ്ങളാണ് ദീർഘനേരമുള്ള ഇരിപ്പ് വഴി ഉണ്ടാകുന്നത്.
ജോലിയുമായി ബന്ധപ്പെട്ട് ദീർഘനേരം ഇരിക്കേണ്ടിവരുമ്പോൾ കുറച്ചുസമയമെങ്കിലും എഴുന്നേറ്റു നിന്ന് ജോലിചെയ്യാൻ ശ്രമിക്കാം. ടിവി കണ്ടിരിക്കുന്നതിന് പകരം നടത്തമാകാം. എവിടെയാണ് കൂടുതൽ സമയം ഇരിക്കുന്നത് എന്ന് കണ്ടെത്തി മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ആ സമയം കുറയ്ക്കാൻ പരിശ്രമിക്കണം.
ഇരിക്കുമ്പോൾ കാലുകൾ തറയിൽ മുട്ടിച്ച് മുട്ട് 90ഡിഗ്രി മടക്കിവേണം ഇരിക്കാൻ. കഴുത്ത് നേരെ വെക്കണം. ഇതിനായി കമ്പൂട്ടർ മോണിറ്ററിന്റെ പൊസിഷൻ ക്രമീകരിക്കണം. കഴിത്ത് റിലാക്സ് ചെയ്തിടണം. ഇതിനായി ആംറെസ്റ്റ് ഉള്ള കസേര ഉപയോഗിക്കാം. ടൈപ്പ് ചെയ്യുമ്പോൾ കൈമുട്ടുകൾ 90ഡിഗ്രി ആംഗിളിൽ ആയിരിക്കണം. കൈത്തണ്ടയ്ക്കും ടേബിളിലോ മറ്റോ റെസ്റ്റ് നൽകണം.
ദീർഘനേരം ഇരിക്കാതെ ഇടവേള എടുക്കാൻ ശ്രമിക്കണം. എല്ലാ അരമണിക്കൂർ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റ് ശരീരം ഒരു മൂന്ന് മിനിറ്റെങ്കുലും അനക്കണം. ഒരു 15 അടി നടന്നാൽ പോലും അത് പ്രയോജനം ചെയ്യും. ഫോൺ വിളിക്കുമ്പോഴും മറ്റും നടന്ന് സംസാരിക്കുന്നത് ശീലമാക്കിയാൽ നല്ലതാണ്. വെള്ളം നിറച്ചുവയ്ക്കാൻ ചെറിയ കുപ്പി ഉപയോഗിക്കാം, ഇത് ഇടയ്ക്കിടെ നിറയ്ക്കാനായി നടക്കുന്നത് നല്ലതാണ്. എലിവേറ്ററും ലിഫ്റ്റും ഉപയോഗിക്കുന്നതിന് പകരം കയറാനും ഇറങ്ങാനും പടികളാണ് നല്ലത്. ട്രെയിനിലും ബസിലും യാത്രചെയ്യുമ്പോൾ സീറ്റ് കണ്ടാലുടൻ ചാടിയിരിക്കാതെ നിന്നുകൊണ്ട് യാത്രചെയ്യാൻ ശ്രമിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും അരമണിക്കൂർ നടത്തം പതിവാക്കണം. ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യപ്രശനങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.