ബത്തേരി: വയനാട് ബത്തേരിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് ജനവാസകേന്ദ്രത്തില്‍ വെള്ളം കയറി.
സന്ധ്യയോടെയാണ് ബത്തേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. വയലിന് സമീപമുള്ള അഞ്ചോളം വീടുകളില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മഴ തുടരുന്നതിനാല്‍ പ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണെന്ന് പഞ്ചായത്തംഗങ്ങള്‍ വ്യക്തമാക്കി. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശക്തമായ മഴയെത്തുടർന്ന് കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടി. കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലാണ് ഉരുൾപൊട്ടിയത്. ഇതേതുടർന്ന് ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.
തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു. പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലുണ്ടായത്.