ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 19.5 ഓവറില്‍ 147 റണ്‍സിന് ഓള് ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.
പാക് നായകൻ ബാബർ അസമാണ് ആദ്യം പുറത്തായത്. മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു വിക്കറ്റ്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
മൂന്നാം നമ്പറിലെത്തിയ ഫഖർ സമാൻ പിന്നീട് പുറത്തായി. 6 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 10 റൺസെടുത്ത സമാനെ ആവേശ് ഖാൻ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 43 റൺസാണ് നേടിയത്.
വലംകയ്യൻ ബാറ്റർ ഇഫ്തിക്കാർ അഹ്മദാണ് മൂന്നാം വിക്കറ്റായി പുറത്തായത്. മുഹമ്മദ് റിസ്വാനൊപ്പം 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി അപകടകാരിയായി മാറിക്കൊണ്ടിരുന്ന ഇഫ്തിക്കാറിനെ ഹാർദ്ദിക് പാണ്ഡ്യ മടക്കിഅയക്കുകയായിരുന്നു. 22 പന്തുകളിൽ 2 ബൗണ്ടറിയും ഒരു സിക്സറും സഹിതം 28 റൺസെടുത്ത ഇഫ്തിക്കാർ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്.
അവസാന ഓവറുകളില്‍ ഷദാബ് ഖാനും ആസിഫ് അലിയും അടിച്ചു തകര്‍ക്കുമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷ ഭുവിയും അര്‍ഷദീപും ചേര്‍ന്ന് എറിഞ്ഞിട്ടു. ആസിഫ് അലിയെ(9) സൂര്യകുമാറിന്റെ കൈകളിലെത്തിച്ച ഭുവിയും മുഹമ്മദ് നവാസിനെ(1) അര്‍ഷദീപ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് അര്‍ഷദീപും പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പത്തൊമ്പതാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഷദാബ് ഖാനെയും(10) അരങ്ങേറ്റക്കാരന്‍ നസീം ഷായെയും വീഴ്ത്തി ഭുവി പാക്കിസ്ഥാന്‍നെ തകര്‍ത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാനവാസ് ദഹാനി(6 പന്തില്‍ 16) പാക്കിസ്ഥാനെ 147ല്‍ എത്തിച്ചു.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 26 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷദീപ് രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ ചാഹലിനും ജഡേജക്കും വിക്കറ്റൊന്നും ലഭിച്ചില്ല.
പത്തു മാസം മുൻപ്, ഇതേ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് മറുപടി നൽകാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 2021 ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ പരാജയം ഏറ്റുവാങ്ങിയത്. അന്ന് ഇന്ത്യ കുറിച്ച 151 റൺസ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 13 പന്ത് ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ മറികടന്നത്. ഐസിസി ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ ജയം കൂടിയായിരുന്നു അത്.