തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.
ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വടക്കൻ കേരളത്തിൽ മഴ ശക്തമാണ്. കോഴിക്കോട് , കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കണ്ണൂര് ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഇന്ന് ഉരുൾ പൊട്ടി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.