ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കും. കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ, ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താം. വോട്ടെണ്ണൽ ആവശ്യമെങ്കിൽ 19 ന് നടക്കും.
നേരത്തെ സപ്തംബർ 20 ന് പ്രസിർഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ വിർച്വലായി ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാൻ തീരുമാനമായത്.
സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തിൽ ചേർന്നു. മറ്റ് ജനറൽ സെക്രട്ടറിമാർ, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തിൽ പങ്കെടുത്തത്.
ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നകാര്യം ഇന്നത്തെ യോഗം ചർച്ച ചെയ്തില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.