ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലാത്ത വ്യക്തിയാണ് മോദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഖാദിയെ പ്രമോട്ട് ചെയ്യുന്നതായുള്ള മോദിയുടെ കപട നാടകത്തിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
”രാജ്യത്തിന് ഖാദി, എന്നാൽ ദേശീയ പതാകക്ക് ചൈനീസ് പോളിസ്റ്ററും! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. നേരത്തേ യന്ത്രത്തിൽ നിർമിച്ചയോ പോളിസ്റ്ററിൽ രൂപകൽപന ചെയ്തതോ ആയ പതാകകൾ രാജ്യത്ത് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.
എന്നാൽ, ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ യന്ത്രത്തിൽ നിർമിച്ചതോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ സിൽക്ക് ഖാദി എന്നിവയിൽ ഉള്ളതോ ആയിരിക്കണമെന്ന് പറഞ്ഞ് ദേശീയ പതാക കോഡ് മോദി സർക്കാർ ഭേദഗതി ചെയ്തിരുന്നു.