ഇന്ത്യയിൽ പൊളിച്ചു മാറ്റുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ ഉത്തർപ്രദേശിലെ സൂപ്പർടെക് കമ്പനിയുടെ ഇരട്ട ടവർ. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് ഉച്ചക്ക് ടവർ പൊളിക്കും.ഒൻപത് സെക്കൻഡ് കൊണ്ട് സ്ഫോടക വസ്തുക്കൾ പൊട്ടും. അടുത്ത അഞ്ച് സെക്കൻഡ് കൊണ്ട് കെട്ടിടം നിലംപൊത്തും. 37,000 കിലോ സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിനായി ഉപയോഗിക്കുക. സമീപത്തെ ഫ്ലാറ്റിൽ നിന്നും നാലായിരത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പൊളിക്കൽ സമയത്ത് ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ അരമണിക്കൂർ ഗതാഗതം നിർത്തിവെയ്ക്കും.
പ്രദേശത്തേയ്ക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 560 പോലീസ് ഉദ്യോഗസ്ഥരും റിസർവ് സേനയിൽ നിന്നുള്ള 100 പേരും 4 ക്വിക്ക് റെസ്പോൺസ് ടീമുകളും എൻഡിആർഎഫ് സംഘത്തേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുപ്രീം കോടതി കെട്ടിടം പൊളിക്കാൻ ഉത്തരവിടുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുവെന്നും ടവറുകൾ തമ്മിൽ ചുരുങ്ങിയ അകലം പാലിക്കാതെ നിർമ്മിച്ചെന്നുമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയാണ് നോയിഡയിലെ ഫ്ലാറ്റ് പൊളിക്കലിനും നേതൃത്വം നൽകുന്നത്.