ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്താൻ. എട്ട് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന് വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
ഓപ്പണർമാരായ ഹസ്രത്തുള്ള സസായും (പുറത്താകാതെ 37) റഹ്മാനുള്ള ഗുർബാസുമാണ് (40) അഫ്ഗാന് അനായാസ ജയമൊരുക്കിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 37 പന്തിൽ 83 റൺസാണ് അടിച്ചുകൂട്ടിയത്. അഫ്ഗാൻ അടിച്ചെടുത്ത 106 ൽ 70 റൺസും ബൗണ്ടറിയിലൂടെയായിരുന്നു. 10 ഫോറും അഞ്ച് സിക്സറുകളുമാണ് അഫ്ഗാൻ ബാറ്റർമാരുടെ ബാറ്റിൽനിന്നും പറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ വെറും 105 റണ്‍സിന് ഓള് ഔട്ടായി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഫ്ഗാന് ബൗളര്‍മാര്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയെ പിച്ചിച്ചീന്തി. 38 റണ്‍സെടുത്ത ഭനുക രജപക്സ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 31 റണ്‍സ് നേടിയ ചമിക കരുണരത്നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒന്‍പത് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
അഫ്ഗാനിസ്താന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നവീന്‍ ഉള് ഹഖ് ഒരു വിക്കറ്റ് സ്വന്തമാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്താന് ഒന്നാമതെത്തി. ഇരുടീമുകളെയും കൂടാതെ ബംഗ്ലാദേശാണ് ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം.