റിയാദ്: വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ താമസിക്കുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ റസിഡന്റ് വിസ (സ്ഥിരതാമസ) ആക്കി നൽകാൻ തീരുമാനവുമായി സൗദി അറേബ്യാ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ആണ് 18 വയസിൽ താഴെയുള്ള കുട്ടികളുടെ റസിഡന്റ് വിസയുടെ കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയത്.
സൗദിയിൽ സ്ഥിരതാമസക്കാരായവരുടെ മക്കൾക്കാണ് റസിഡന്റ് വിസ നൽകുന്നത്. സൗദി അറേബ്യയിലെ പ്രാദേശിക പത്രമായ ‘ഉക്കാസ്’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, പരമാവധി ആറു മാസം വരെ മാത്രമേ കുടുംബ സന്ദർശക വിസ പുതുക്കിനൽകുകയുള്ളൂ എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വ്യക്തമാക്കി. വിസിറ്റിംഗ് വിസ പുതുക്കുന്നതിൽ അപേക്ഷകന്റെ താമസരേഖയ്ക്ക് കാലാവധി ഉണ്ടാവണമെന്ന് നിർബന്ധമില്ല. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിട്ടാൽ മാത്രമേ പിഴ ഈടാക്കൂ.
ജവാസാത്തിന് വിസ ഇഷ്യൂ ചെയ്യുന്നതിനുമുള്ള അധികാരം ഇല്ലെന്നും അതുസംബന്ധിച്ച വിവരങ്ങൾക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. സന്ദർശക വിസയുടെ അപേക്ഷകളിൽ അംഗീകാരം നൽകുന്നതും സൗദി വിദേശകാര്യ മന്ത്രാലയമാണ്.