ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിച്ചാണ് ഫിഫ വിലക്ക് നീക്കിയത്. ഇതോടെ ഏറെ ദിവസങ്ങളായി തുടരുന്ന ആശങ്കകൾക്ക് വിരാമമായി. അണ്ടർ 17 വനിതാ ലോകകപ്പ് നടത്താനുള്ള തടസങ്ങളും ഇതോടെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 15നാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ ആരോപിച്ച് ഇന്ത്യയെ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിയത്. ഇതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയാവകാശവും രാജ്യാന്തര മത്സരപങ്കാളിത്തവും നഷ്ടമായിരുന്നു.
വിലക്ക് നീക്കാനുള്ള നടപടിയെന്നോണം തിങ്കളാഴ്ച സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേയ് 18ന് കോടതിതന്നെ നിയോഗിച്ച കാര്യനിർവഹണ സമിതി പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് നടപടികൾ പരിഷ്കരിക്കുകയും ചെയ്തു.