ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ മുൻ താരം വിവിഎസ് ലക്ഷ്മൺ തന്നെ പരിശീലിപ്പിക്കും. ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം വന്നു. പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡിനു കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പിൽ പരിശീലകനാക്കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിർന്ന പരിശീലകനും ഇന്ത്യ അണ്ടർ 19, എ ടീം പരിശീലകനുമായ ലക്ഷ്മൺ സിംബാബ്വെ പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.
ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവർ ടീമിൽ ഇടംപിടിച്ചു.ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.