ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര് ബാനര്‍ജി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങളിൽ ചികില്‍സയിലായിരുന്നു.
ബദ്രു ദാ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സമര് ബാനര്‍ജി 1956ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചു.മൂന്ന് ഒളിംപിക്സുകളിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇതുവരെ മത്സരിച്ചത്. അതില്‍ ബാനര്‍ജി നയിച്ച 1956ലെ ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റത്തെ മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ ടീമിനായിട്ടില്ല. അവിടെ വെങ്കലമെഡല്‍ മത്സരത്തില്‍ ബള്‍ഗേറിയയോട് 0-3നാണ് ഇന്ത്യ തോറ്റത്. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
മോഹന്‍ ബഗാനൊപ്പം നിന്ന് ഡ്യുറന്റ് കപ്പ്, റോവേഴ്സ് കപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളിലേക്ക് എത്തിയ ബാനര്‍ജി രണ്ട് വട്ടം സന്തോഷ് ട്രോഫി കിരീടവും നേടി. 1953ലും 1955ലും. 1962ല്‍ ബാനര്‍ജി പരിശീലകനായിരിക്കേയും ബംഗാള്‍ സന്തോഷ് ട്രോഫിയും സ്വന്തമാക്കി.