അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതിനായി ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ ബൈച്ചുങ്ങ് ബൂട്ടിയ പത്രിക സമര്‍പ്പിച്ചു. ബൂട്ടിയയുടെ സഹതാരമായിരുന്ന ദീപക് മൊണ്ഡലാണ് ബൂട്ടിയയുടെ പേര് നിര്‍ദേശിച്ചത്. മധു കുമാരി പിന്തുണച്ചു.
താരങ്ങളുടെ പ്രതിനിധിയായാണ് താൻ നോമിനേഷൻ സമർപ്പിച്ചതെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ സേവിക്കാൻ കളിക്കാർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാർ എന്ന നിലയിൽ മാത്രമല്ല അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും മികവുണ്ടെന്ന് തെളിയിക്കാനാണ് ശ്രമമെന്നും ബൂട്ടിയ പറഞ്ഞു.
ഡൽഹി ഫുട്ബോൾ പ്രസിഡന്റ് ഷാജി പ്രഭാകരനും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്നും എന്നാല്‍ രാജ്യത്തിന്റെ ഫുട്ബോള്‍ സംവിധാനത്തെ നവീകരിക്കാന്‍ ഇത് ഉചിതവുമെന്നാണ് നേരത്തെ വിലക്കിനെ കുറിച്ഛ് ബൂട്ടിയ പറഞ്ഞത്.