എഐഎഫ്എഫിനെ ഫിഫ വിലക്കിയ സാഹചര്യത്തിൽ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം റദ്ദാക്കി. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഈ വിവരം പുറത്തുവിട്ടത്. ടീം അംഗങ്ങൾ പ്രീസീസണിനായി യുഎഇയിലെത്തിയിരുന്നു. എന്നാൽ വിലക്കിൻ്റെ സാഹചര്യത്തിൽ മൂന്ന് മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചത്.
അഞ്ച് വിദേശികളടക്കം മികച്ച ടീമിനെയാണ് യുഎഇ പര്യടനത്തിനായി ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറുഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോംഗിൽ, യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കാലിയൂഷ്നി, ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തോലോസ് ജിയാന്നു എന്നിവരും സ്ക്വാഡിലുണ്ട്. അവസാനം പ്രഖ്യാപിച്ച പുതിയ സൈനിങ് ബിദ്യാഷാഗർ സിങും സ്ക്വാഡിലുണ്ട്. ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നീ പുതിയ ഇന്ത്യൻ സൈനിങുകളും പ്രീസീസൺ കളിക്കുമായിരുന്നു. എംഎസ് ശ്രീക്കുട്ടൻ, നിഹാൽ സുധീഷ് തുടങ്ങിയ മലയാളി താരങ്ങളും സ്ക്വാഡിൽ ഇടംപിടിച്ചിരുന്നു.പ്രീസീസൺ റദ്ദാക്കിയെങ്കിലും താരങ്ങൾ ദുബായിൽ തന്നെ പരിശീലനം തുടരുമെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.