കോൽക്കത്ത: ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ പരിശീലകനെ നിശ്ചയിച്ചു. മുൻ ഇന്ത്യൻ താരം ചന്ദ്രകാന്ത് പണ്ഡിറ്റാവും ടീമിന്റെ മുഖ്യപരിശീലകൻ. ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ചന്ദ്രകാന്ത് എത്തുന്നത്. മക്കല്ലം അടുത്തിടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്ഥാനം ഏറ്റെടുത്തിരുന്നു.
23 വർഷത്തിന് ശേഷം മധ്യപ്രദേശിനെ രഞ്ജി ചാമ്പ്യൻമാരാക്കിയ അദ്ദേഹം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിദര്‍ഭയെ 2018,2019 വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി ജേതാക്കളാക്കിയത് പണ്ഡിറ്റിന്റെ തന്ത്രങ്ങളായിരുന്നു. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റ് വമ്പന്മാരായ മുംബൈ ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന പണ്ഡിറ്റ് ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങളിലും 36 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച ട്രാക്ക റെക്കോഡുള്ള താരമാണ് പണ്ഡിറ്റ്. 48.00 ബാറ്റിങ് ശരാശരിയില്‍ 8000ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്.
കൊല്‍ക്കത്തയെ പരിശീലിപ്പിക്കാന്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരവും അംഗീകാരവുമായി കാണുന്നുവെന്ന് പണ്ഡിറ്റ് പ്രതികരിച്ചു. രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് കൊല്‍ക്കത്ത. 2012,2014 വര്‍ഷങ്ങളിലാണ് ടീം കിരീടം നേടിയത്. 2021ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയെങ്കിലും ചെന്നൈയോട് പരാജയപ്പെട്ടിരുന്നു.