കുവൈറ്റിലെ പ്രവാസികൾക്കായി ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ തൽക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾക്ക് ലഭിച്ചു.ഇതിനകം വിസ അനുവദിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം.
ഓൺലൈൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർക്കും യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും വിലക്ക് ബാധകമല്ല. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വിദേശികൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് താൽക്കാലികമായി നിർത്തിയത്. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.